Home LATEST കൊറോണ:പൊതുജന താത്പര്യാർഥ ഇ-മെയിലുകൾ വഴി ശത്രുരാജ്യങ്ങളിലെ സർക്കാർ വകുപ്പുകളിൽ നുഴഞ്ഞുകയറാൻ ഹാക്കർമാർ

കൊറോണ:പൊതുജന താത്പര്യാർഥ ഇ-മെയിലുകൾ വഴി ശത്രുരാജ്യങ്ങളിലെ സർക്കാർ വകുപ്പുകളിൽ നുഴഞ്ഞുകയറാൻ ഹാക്കർമാർ

കോവിഡ്-19 രോഗത്തെക്കുറിച്ചും നോവൽ കൊറോണ വൈറസിനെ കുറിച്ചുമുള്ള വിവരങ്ങളും സർക്കാർ നിർദേശങ്ങളും നമ്മൾ ദിവസവും കാണുന്നു. നമുക്ക് കിട്ടുന്നത് മറ്റുള്ളവർക്കുകൂടി ഉപകാരപ്രദമായിക്കോട്ടെ എന്നുകരുതി നമ്മൾ മറ്റുള്ളവരുമായി പങ്കുവയ്ക്കുകയും ചെയ്യുന്നു. വാട്സ് ആപ്പും ഫെയ്സ്ബുക്കും ട്വിറ്ററും ഇ-മെയിലും ഒക്കെ ഇത്തരം സന്ദേശങ്ങൾകൊണ്ട് നിറയുകയാണ്. ഇതൊരു സുവർണാവസരമായി കരുതിയ ഒരു കൂട്ടരുണ്ട്… ഹാക്കർമാർ!
ഇങ്ങനെയുള്ള പൊതുജന താത്പര്യാർഥ ഇ-മെയിലുകൾ വഴി ശത്രുരാജ്യങ്ങളിലെ സർക്കാർ വകുപ്പുകളിൽ നുഴഞ്ഞുകയറാൻ ചൈനയുടെയും റഷ്യയുടെയും സർക്കാർ നിയന്ത്രണത്തിലുള്ള ഹാക്കർമാർ ശ്രമിക്കുന്നു എന്നാണ് പല സൈബർ സുരക്ഷാ ഇന്റലിജൻസ് കമ്പനികളും പറയുന്നത്. വൈറസിനെക്കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ അറ്റാച്ച്മെന്റുകൾ വഴിയാണ് ഇവരുടെ നുഴഞ്ഞുകയറ്റ ശ്രമം. വിയറ്റ്നാം, ഫിലിപ്പീൻസ്, തായ്വാൻ, മംഗോളിയ എന്നീ രാജ്യങ്ങളാണ് ഇവരുടെ ഇതുവരെയുള്ള ഇരകൾ എന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. ഹാക്കർമാർ അയയ്ക്കുന്ന വിവരം സത്യസന്ധമായതാനെങ്കിലും അതിൽ ഒളിപ്പിച്ചുവച്ച മാൽവെയർ ഇവർ ലക്ഷ്യം വെച്ചവരുടെ കംപ്യൂട്ടറിൽ നുഴഞ്ഞുകയറാൻ ഹാക്കർമാരെ സഹായിക്കും. ഇതുകൂടാതെ, റഷ്യൻ ഹാക്കർമാർ ‘സ്പിയർ ഫിഷിങ്’ എന്ന സൂത്രവും പ്രയോഗിക്കുന്നുണ്ട് എന്നാണ് പറയപ്പെടുന്നത്. തട്ടിപ്പ് ലിങ്കുകളിൽ ഇരയെക്കൊണ്ട് ക്ലിക്ക് ചെയ്യിപ്പിച്ച്, അവരുടെ കംപ്യൂട്ടറിൽ നുഴഞ്ഞുകയറുന്ന സൂത്രമാണിത്. റഷ്യയും ചൈനയും മാത്രമല്ല, ഉത്തര കൊറിയയും ഈ മഹാമാരിയുടെ വാലിൽ തൂങ്ങി സൈബർ ആക്രമണങ്ങൾ നടത്തുന്നുണ്ടെന്നാണ് തെളിയിക്കപ്പെട്ടിരിക്കുന്നത്. ശത്രുരാജ്യങ്ങളുടെ സംവിധാനങ്ങളിൽ നുഴഞ്ഞുകയറാൻ കൊറോണക്കാലം വീണുകിട്ടിയ ഒരവസരമായി എടുത്തിരിക്കുകയാണ് ഇത്തരം രാജ്യങ്ങൾ. ഇവരുടെയൊക്കെ ലക്ഷ്യം ചാരവൃത്തിയാണെന്ന് എടുത്തുപറയേണ്ടതില്ലല്ലോ.
ഇതെല്ലാം സർക്കാർ നിയന്ത്രണത്തിലുള്ള ഹാക്കർമാരുടെ വിക്രിയകൾ… എബോള, സിക്ക, സാർസ് മുതലായ രോഗങ്ങൾ ലോകത്ത് നാശം വിതച്ചുകൊണ്ടിരുന്നപ്പോൾ ചെയ്ത സൈബർ ആക്രമണങ്ങൾ ക്രിമിനൽ ഹാക്കർമാരും ഈ കാലത്തും നല്ലവണ്ണം ‘ജോലി’ എടുക്കുന്നുണ്ട്. ഇക്കാലത്ത് നമുക്കുണ്ടാകുന്ന ആകുലത, ഉത്കണ്ഠ, ആകാംക്ഷ എന്നിവയൊക്കെ മുതലാക്കിയാണ് ഇവരുടെ പ്രവർത്തനം. ആദ്യത്തെ കൂട്ടത്തിന്റെ ലക്ഷ്യം സർക്കാർ സംവിധാനങ്ങൾ ആണെങ്കിൽ ഇവരുടെ ലക്ഷ്യം മിക്കവാറും പണമാണ്. കൊറോണ വൈറസുമായി ബന്ധപ്പെട്ട മെയിലുകളിലൂടെ നിങ്ങളുടെ ബാങ്കിന്റെയോ മെയിലിന്റെയോ ഒക്കെ പാസ്വേഡുകൾ ചോർത്താനുള്ള വഴികളാണ് ഇവർ പിന്തുടരുന്നത്. അതുവഴി നിങ്ങളുടെ പണം അപഹരിക്കുക എന്നതാണ് ഇത്തരക്കാരുടെ സാധാരണയുള്ള ലക്ഷ്യം. ഇത്തരം മെയിലുകൾ സ്വകാര്യ മെയിൽ ബോക്സുകളിലേക്ക് മാത്രമല്ല, ഓഫീസ് മെയിൽ ബോക്സുകളിലേക്കും വരാമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. ഫിഷിങ് തട്ടിപ്പുകൾ പുതിയതൊന്നുമല്ലെങ്കിലും കൊറോണയുടെ കാര്യങ്ങൾ പറഞ്ഞു നടക്കുന്ന തട്ടിപ്പുകൾ എന്തുകൊണ്ടും പുതുമ നിറഞ്ഞതാണ്.
ലോകാരോഗ്യ സംഘടയുടേതെന്ന് തോന്നിപ്പിക്കുന്ന വിലാസത്തിൽ നിന്നുള്ള മെയിൽ ഇറ്റലിയിൽ നിരവധി ബിസിനസ് സ്ഥാപനങ്ങൾക്ക് സാമ്പത്തികനഷ്ടം വരുത്തിക്കഴിഞ്ഞിരിക്കുന്നു എന്ന് വാർത്തകൾ സൂചിപ്പിക്കുന്നു. രോഗപരിഹാര വിവരങ്ങൾ അടങ്ങിയ ഒരു വേഡ്ഫയൽ ഇരയെക്കൊണ്ട് ഡൗൺലോഡ് ചെയ്യിപ്പിക്കുക എന്നതാണ് ഈ ആക്രമണത്തിന്റെ ആദ്യപടി. അപ്പോൾ പിന്നാമ്പുറത്ത് ഒരു മാൽവെയർ ഫയൽ ഡൗൺലോഡ് ചെയ്യപ്പെടുന്നു. അതാകട്ടെ Trickbot എന്ന ബാങ്കിങ് ട്രോജൻ ഫയലും. വിവരങ്ങൾ അവതരിപ്പിക്കാൻ നമ്മൾ ഇന്ന് ഇൻഫോ ഗ്രാഫിക്കുകളുടെയും ഡാഷ്ബോർഡുകളുടെയും ഒക്കെ സഹായം തേടുന്നു. കൊറോണ ബാധിച്ച വ്യക്തികളുടെ കണക്കുകൾ ഇത്തരം ഡാഷ്ബോർഡുകളായി നിരവധി വാർത്ത, വാർത്തേതര സൈറ്റുകളിൽ ലഭ്യമാണ്. ഡാഷ്ബോർഡിലെ വിവരങ്ങൾ കാണാൻ ഒരു ചെറിയ പ്ലഗ്ഗിൻ ഇൻസ്റ്റാൾ ചെയ്യണം എന്ന് പറഞ്ഞാണ് മറ്റൊരു കൂട്ടം തട്ടിപ്പ് നടത്തുന്നത്. അതാകട്ടെ AZORult പോലുള്ള മാൽവെയറും. സ്വകാര്യ വിവരങ്ങളും സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളും മോഷ്ടിക്കാൻ കെൽപ്പുള്ള വില്ലൻ.

ഇതിൽ നിന്നൊക്കെ എങ്ങനെ രക്ഷപ്പെടാം എന്ന് നോക്കാം:

മെയിൽ വന്നത് അതിൽ പറഞ്ഞ വ്യക്തി / സ്ഥാപനം എന്നിവയിൽ നിന്നാണോ എന്ന് തീർച്ചപ്പെടുത്തുക. ഉദാഹരണത്തിന് ലോകാരോഗ്യ സംഘടയുടെ മെയിൽ who.int എന്നവസാനിക്കുന്ന വിലാസത്തിൽ നിന്നാവും വരിക. വിലാസത്തിന്റെ അവസാനമുള്ള ഡൊമെയ്ൻ വിലാസം നോക്കിയാൽ ഇത്തരം തട്ടിപ്പുകാരിൽ നിന്ന് ഒരു പരിധിവരെ രക്ഷനേടാൻ സാധിക്കും. മെയിലിൽ അറ്റാച്ച്മെന്റ് ആയി വരുന്ന വയലുകൾ വൈറസ് സ്കാൻ ചെയ്ത് സുരക്ഷിതം എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം ഡൗൺലോഡ് ചെയ്യുക.

ജി-മെയിൽ പോലെയുള്ള മെയിൽ സേവനങ്ങളിൽ സ്കാൻ ചെയ്യാനുള്ള ഓപ്ഷൻ ലഭ്യമാണ്. മെയിലിൽ ഉള്ള ലിങ്ക്, അല്ലെങ്കിൽ അറ്റാച്ച്മെന്റിൽ ഉള്ള ലിങ്ക് തട്ടിപ്പ് ലിങ്ക് ആണോ എന്ന് തീർച്ചപ്പെടുത്തി മാത്രം തുറക്കുക. ജിമെയിലിന്റെ, അല്ലെങ്കിൽ നിങ്ങളുടെ ബാങ്കിന്റെ ഒക്കെ ഒറിജിനൽ സൈറ്റെന്ന് തോന്നിപ്പിക്കുന്ന സൈറ്റുകൾ തട്ടിപ്പുകാർ നിർമിച്ചുവച്ച്, നിങ്ങളുടെ പാസ്വേഡ് മോഷ്ടിക്കുന്ന ഏർപ്പാട് ഇന്നും സാധാരണമാണ്. സംശയം തോന്നിയാൽ ലിങ്കിൽ ക്ലിക്ക് ചെയ്യാതിരിക്കുന്നതാകും നല്ലത്. ലിങ്ക് ക്ലിക്ക് ചെയ്തും അറ്റാച്ച്മെന്റ് തുറന്നും അബദ്ധത്തിൽ ചെന്നുചാടുന്നതിൽ നിന്ന് എത്രയോ ഭേദം ഒന്നും ചെയ്യാതിരിക്കുന്നതാണ്.

ഇന്റർനെറ്റിലെ ഇത്തരം കള്ളക്കുഴികളെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ ഗൂഗിൾ തയ്യാറാക്കിയ ഈ സൈറ്റ് തീർച്ചയായും സന്ദർശിക്കുക, അതിലെ വിവരങ്ങൾ വായിച്ച് പഠിക്കുക: https://safebrowsing.google.com/

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...