സ്പ്ലാഷ് സ്‌ക്രീന്‍, ഡാര്‍ക്ക് മോഡ്, വാട്‌സാപ്പില്‍ പുതിയ ഫീച്ചറുകളെത്തി

വാട്സാപ്പിന്റെ ബീറ്റാ പതിപ്പിൽ പുതിയ അപ്ഡേറ്റ് എത്തി. പക്ഷെ ഐഫോൺ ഐഓഎസ് ബീറ്റാ പതിപ്പിലാണ് പുതിയ ഫീച്ചറുകളെത്തിയത്. സ്പ്ലാഷ് സ്ക്രീൻ, ഹൈഡ് മ്യൂട്ടഡ് സ്റ്റാറ്റസ് അപ്ഡേറ്റ്, പരിഷ്കരിച്ച ആപ്പ് ബാഡ്ജ്, ഡാർക്ക് മോഡ് എന്നിവ ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു.

ബീറ്റാ ടെസ്റ്റ് അംഗങ്ങൾക്ക് മാത്രമേ ഈ അപ്ഡേറ്റുകൾ ഡൗൺലോഡ് ചെയ്യാൻ സാധിക്കുകയുള്ളൂ. വാട്സാപ്പിന്റെ 2.19.110 പതിപ്പിലാണ് പുതിയ സൗകര്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.

സ്പ്ലാഷ് സ്ക്രീൻ

വാട്സാപ്പ് തുറക്കുമ്പോഴെല്ലാം അതിന്റെ ലോഗോ തെളിയുന്ന സംവിധാനമാണിത്. ലോഗോ കാണിച്ചതിനുശേഷമാണ് ചാറ്റ് വിൻഡോയിലേക്ക് കടക്കുക. ആൻഡ്രോയിഡ് ബീറ്റാ പതിപ്പിലും ഈ സ്പ്ലാഷ് സ്ക്രീൻ എത്തിയിട്ടുണ്ട്.

മ്യൂട്ട് ചെയ്ത സ്റ്റാറ്റസുകൾ ഹൈഡ് ചെയ്യുക

നിശബ്ദമാക്കിയ ചാറ്റുകൾ സ്റ്റാറ്റസ് സ്ക്രീനിൽ നിന്നും മറച്ചുവെക്കുന്ന അപ്ഡേറ്റ് ആണിത്. നിലവിൽ മ്യൂട്ട് ചെയ്ത സ്റ്റാറ്റസുകൾ പട്ടികയിൽ ഏറ്റവും താഴെയായാണ് പ്രദർശിപ്പിക്കുന്നത്. ഇവ അവിടെ നിന്നും മാറ്റും. പകരം മ്യൂട്ടഡ് അപ്ഡേറ്റുകൾക്കായി പ്രത്യേകം ടാബ് നൽകിയിട്ടുണ്ടാവും.

ഡാർക്ക് മോഡ്

എല്ലാവരും പരീക്ഷിക്കുന്ന ഒന്നാണ് ഡാർക്ക് മോഡ്. പല ആപ്ലിക്കേഷനുകളിലും ഇത് എത്തിയിട്ടുണ്ട്. ഏറെ നാളുകളായി വാട്സാപ്പിലും ഡാർക്ക് മോഡ് വരുമെന്ന് പറയുന്നുണ്ട്. ഏറെനേരം ചാറ്റിങ്ങിനായി വാട്സാപ്പിൽ നോക്കിയിരിക്കുന്ന ഉപയോക്താക്കളുടെ കണ്ണുകൾക്ക് ആശ്വാസം നൽകുന്നതിനാണ് ഡാർക്ക്മോഡ് അവതരിപ്പിക്കുന്നത്. സ്ക്രീനിലെ നീലവെളിച്ചം ഒഴിവാക്കാൻ പശ്ചാത്തലം മുഴുവൻ ഇരുണ്ട നിറത്തിലേക്ക് മാറും.