വാവേ നിരോധന ഉത്തരവ് 90 ദിവസം നീട്ടി

ചൈനീസ് ഇലക്ട്രോണിക്സ് കമ്പനി വാവേ ടെക്നോളജീസിന് വിലക്കേർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് 90 ദിവസത്തേക്ക് നീട്ടി അമേരിക്ക. ഈ 90 ദിവസത്തിനുള്ളിൽ നിലവിലുള്ള ഉപയോക്താക്കൾക്കുള്ള സേവനം തടസപ്പെടാതിരിക്കുന്നതിനായുള്ള നടപടികൾ സ്വീകരിക്കണം. ഇതിനായി ആവശ്യമായ സാധന സേവനങ്ങൾ അമേരിക്കൻ കമ്പനികളിൽ നിന്നും വാങ്ങാനും ഉപയോഗിക്കാനും വാവേയ്ക്ക് അനുമതി ലഭിക്കും. എന്നാൽ പുതിയ ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്നതിനായി അമേരിക്കൻ നിർമിത ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനുള്ള വിലക്ക് തുടരും. ഓഗസ്റ്റ് 19 വരെയാണ് ഈ താത്കാലിക ലൈസൻസിന്റെ കാലാവധി.ചൈനീസ് കമ്പനികൾക്കുമേൽ നിയന്ത്രണം ശക്തമാക്കുന്നതിന്റെ ഭാഗമായി അമേരിക്ക സ്വീകരിച്ചുവരുന്ന നടപടികളുടെ ഭാഗമായാണ് ചൈനീസ് സ്മാർട്ഫോൺ നിർമാണ കമ്പനിയായ വാവേ ടെക്നോളജീസിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി നിയന്ത്രിക്കാനും വിലക്കാനും അമേരിക്ക തീരുമാനിച്ചത്.ലോകത്തെ രണ്ടാമത്തെ സ്മാർട്ഫോൺ കമ്പനിയായ വാവേയ്ക്ക് കനത്ത തിരിച്ചടിയാണ് ഈ തീരുമാനം. ഇതേ തുടർന്ന് അമേരിക്കൻ വ്യവസായ പങ്കാളികളുമായുള്ള സാധന സേവന ഇടപാടുകൾ നടത്താനാകാത്ത അവസ്ഥയിലാണ് വാവേ.വാവേ ആൻഡ്രോയിഡ് ഫോണുകൾക്കുള്ള പിന്തുണ പിൻവലിക്കാനൊരുങ്ങുകയാണ് ഗൂഗിൾ. ക്വാൽകോ, ഇന്റൽ പോലുള്ള ചിപ്പ് നിർമാണ കമ്പനികളും വാവേയുമായുള്ള സഹകരണം നിർത്താൻ നിർബന്ധിതരായി.അതേസമയം അമേരിക്കയുമായി ഏറെ നാളായി അഭിപ്രായ വെത്യാസങ്ങൾ നിലനിൽക്കെ ഇങ്ങനെയുള്ള നിരോധന സാഹചര്യം വാവേ മുൻകൂട്ടി കണ്ടിരുന്നു.ആൻഡ്രോയിഡിന്റെ പിന്തുണ നഷ്ടപ്പെട്ടേക്കുമെന്ന സാധ്യത മുന്നിൽ കണ്ട് സ്വന്തമായി സ്മാർട്ഫോൺ ഓഎസും വാവേ നിർമിച്ചിട്ടുണ്ട്. സ്വന്തമായി ചിപ്പ് നിർമാണ സ്ഥാപനമുള്ളതും വാവേയ്ക്ക് ആശ്വാസമാവും.